ഒരു സ്മരണാഞ്ജലി

ഒരു സ്മരണാഞ്ജലി 


പത്രക്കാരോട് സ്വന്തം ജീവിതകഥ പറയാന്‍ എന്നും വിമുഖത കാട്ടിയിരുന്ന വ്യക്തിയാണ് എം.എന്‍.സത്യാര്‍ഥി. 1957 മുതല്‍ കേരളത്തില്‍ ഉണ്ടായിരുന്നെങ്കിലും അപൂര്‍വമായേ അദ്ദേഹം ആര്‍ക്കെങ്കിലും അഭിമുഖം നല്‍കിയിട്ടുള്ളു.

യാദൃശ്ചികമായാണ് സത്യാര്‍ഥി മാഷിന്റെ അഭിമുഖം ഈ ലേഖകന് കിട്ടുന്നത്. അതിന് ശരിക്കുള്ള കാരണം ‘മാതൃഭൂമി’യില്‍ എന്റെ സഹപ്രവര്‍ത്തകനും ജേഷ്ഠതുല്യനുമായ എന്‍.പി.രാജേന്ദ്രനായിരുന്നു.

സത്യാര്‍ഥി മാഷിനെ ഇന്റര്‍വ്യൂ ചെയ്ത് ഫീച്ചര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നത്, കോഴിക്കോട്ട് മാതൃഭൂമിയില്‍ ഞാന്‍ ട്രെയിനിയായി ചേര്‍ന്ന് മൂന്നു മാസം തികയും മുമ്പാണ്. സത്യാര്‍ഥി മാഷ് ആര്‍ക്കും അഭിമുഖം കൊടുക്കാറില്ല, ഏതായാലും ശ്രമിച്ചു നോക്കൂ എന്നൊരു മുന്നറിയിപ്പും കിട്ടി.

മാഷ് എവിടെയാണ് താമസിക്കുന്നത്, അദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്നൊക്കെയായി വേവലാതി. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ എനിക്ക് സ്ഥലവും വ്യക്തികളുമൊക്കെ പരിചയമായി വരുന്നതേയുള്ളു. ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വം എന്‍.പി.ആര്‍. എന്നു വിളിക്കുന്ന എന്‍.പി.രാജേന്ദ്രന്‍ തുണയ്‌ക്കെത്തി.

കോഴിക്കോട് നഗരാതിര്‍ത്തിയിലെ മുണ്ടിക്കല്‍താഴത്ത്, സത്യാര്‍ഥി മാഷ് താമസിക്കുന്ന കുന്നിന്റെ ചുവട്ടിലാണ് എന്‍.പി.ആറിന്റെ വീട്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യാപിതാവായ ഗോവിന്ദന്‍ നായരുടെ അടുത്ത ചങ്ങാതി കൂടിയാണ് സത്യാര്‍ഥി മാഷ്. പക്ഷേ, സത്യാര്‍ഥി മാഷിനെ അതുവരെ പരിചയപ്പെടാന്‍ എന്‍.പി.ആറിന് കഴിഞ്ഞിട്ടില്ല. അതിനാല്‍, ‘എനിക്കും മാഷിനെ ഒന്നു കാണണം, നമുക്ക് ഒരുമിച്ചു പോകാം’-എന്‍.പി.ആര്‍.പറഞ്ഞു.

നിശ്ചയിച്ചതു പ്രകാരം ഒരു ദിവസം മുണ്ടിക്കല്‍ താഴത്തെ കുന്നു കയറി ഞങ്ങള്‍ സത്യാര്‍ഥി മാഷിന്റെ വീട്ടിലെത്തി. പറമ്പിലായിരുന്ന മാഷ് അല്‍പ്പ സമയത്തിനകം എത്തി. കൈയുള്ള വെള്ള ബനിയനും കള്ളിമുണ്ടും വേഷം. പറമ്പില്‍ കിളയ്ക്കുകയായിരുന്നുവെന്ന് വസ്ത്രത്തിലെ വിയര്‍പ്പും മണ്ണും സാക്ഷ്യപ്പെടുത്തി. എണ്‍പത്തിനാലാം വയസ്സിലും മണ്ണിനോട് മല്ലിടുന്ന മനുഷ്യന്‍!

എന്‍.പി.ആറിനെ കണ്ടതില്‍ അദ്ദേഹം അതീവ സന്തോഷവാനായി. ‘ഏറെ നാളായി രാജേന്ദ്രനെ ഒന്നു പരിചയപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു’- മാഷ് പറഞ്ഞു. ഹൃദയം തുറന്ന സംസാരം, ആത്മാര്‍ഥത സ്ഫുരിക്കുന്ന ശബ്ദം. ഇടയ്‌ക്കെപ്പോഴോ, അദ്ദേഹം എന്നെപ്പറ്റി തിരക്കി. ആ സമയം മുതലാക്കി എന്‍.പി.ആര്‍.പറഞ്ഞു, മാഷിന് പഴയകാല ചരിത്രമൊക്കെ ധാരാളം അറിയാമല്ലോ, അതൊന്ന് കേട്ട് എഴുതാനാണ് ജോസഫ് വന്നിരിക്കുന്നത്.

പെട്ടെന്ന് സംഭാഷണം നിലച്ചു, അദ്ദേഹം നിശബ്ദനായി. കഴിഞ്ഞു, ഇന്റര്‍വ്യു കിട്ടുമെന്ന് കരുതേണ്ട-ഞാന്‍ മനസില്‍ ഉറപ്പിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. മാഷിന്റെ മുഖത്ത് ഒരു നിശ്ചയദാര്‍ഢ്യവും വാത്സല്യവും പ്രതിഫലിച്ചു. ‘ഗോവിന്ദന്റെ മകളുടെ ഭര്‍ത്താവ് എന്നുവെച്ചാല്‍ എന്റെ മരുമകനെപ്പോലെ തന്നെയാണ്, എങ്ങനെയാ ഞാന്‍ പറ്റില്ലാന്ന് പറയുക’.

കനല്‍ക്കട്ടകള്‍ക്ക് മുകളിലൂടെ നടക്കുന്നതുപോലുള്ള അനുഭവമായിരുന്നു ആ അഭിമുഖം. അധികനേരം തുടര്‍ച്ചയായി സംസാരം പാടില്ല എന്ന് ഡോക്ടറുടെ വിലക്കുള്ളതിനാല്‍, അഭിമുഖം മൂന്നുദിവസം നീണ്ടു, ആകെ എട്ടര മണിക്കൂര്‍.

പറഞ്ഞതിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളിക്കാനാകാതെ വരികയെന്ന ഒരു ഫീച്ചറിന്റെ പരിമിതി ഇവിടെയുമുണ്ട്. എങ്കിലും, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ഒരു ജനതയുടെ ധീരതയ്ക്കും സഹനത്തിനും പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള തെളിവായി സത്യാര്‍ഥി മാഷിന്റെ ജീവിതകഥ അവശേഷിക്കുന്നു.

തികഞ്ഞ അര്‍പ്പണബോധത്തോടെ അദ്ദേഹം മൊഴിമാറ്റം നടത്തിയ അസംഖ്യം പുസ്തകങ്ങള്‍ ഇന്നും മലയാളിയുടെ വായനാനുഭവത്തിന്റെ ഭാഗമാണ്. ആ പുസ്തകങ്ങള്‍ കഴിഞ്ഞാല്‍, പിന്നെ സത്യാര്‍ഥി മാഷിന്റെ ഓര്‍യ്ക്കായി അവശേഷിക്കുന്നത്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റ് വിവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡും, മുണ്ടിക്കല്‍താഴം-ചെലവൂര്‍ റോഡിന് കോര്‍പ്പറേഷന്‍ ഇട്ട പേരും മാത്രം.

1998 ജൂലായ് നാലിന് സത്യാര്‍ഥി മാഷ് ഓര്‍മയായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുന്നില്‍ ശിരസു നമിച്ചുകൊണ്ട് ഇതിവിടെ സമര്‍പ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>